എഡ്ജ്ബാസ്റ്റണ്‍: കലാശപ്പോരാട്ടത്തിനുള്ള യോഗ്യത നേടാന്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ചാംപ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയും കന്നിക്കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറങ്ങുമ്പോള്‍ മികച്ച മത്സരത്തിനു തന്നെയാകും എഡ്ജ്ബാസ്റ്റണ്‍ വേദിയാകുക.
1992-ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടില്ല. കപ്പുയര്‍ത്താന്‍ ഇതിലും മികച്ച അവസരം ഇനി കിട്ടില്ലെന്ന വ്യക്തമായ തിരിച്ചറിവോടെയാകും ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണിലെ പോരാട്ടത്തിനിറങ്ങുക. എന്നാല്‍ ഇന്ന് ജയിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നം വിദൂരമല്ലെന്ന തിരിച്ചറിവ് ഓസീസ് നിരയിലും പ്രകടമാണ്.
മികച്ച ഫോമിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്നത്. 638 റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടാമതുള്ള ഡേവിഡ് വാര്‍ണ്ണറും 507 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള നായകന്‍ ആരോണ്‍ ഫിഞ്ചും നല്‍കുന്ന തുടക്കം ഓസ്‌ട്രേലിയയക്ക് നിര്‍ണ്ണായകമാണ്. 26 വിക്കറ്റുമായി ബോളര്‍മാരില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക് കൂടിയെത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ നിര ശക്തം.
ആതിഥേയര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം കൈമുതലാക്കിയ ഇംഗ്ലണ്ട് നിരയില്‍ പ്രതിഭാശാലികളായ ഒരു പിടി കളിക്കാരുണ്ട്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയിയും തന്നെയാണ് ഇംഗ്ലണ്ടിന്റെ ശക്തി. പിന്നാലെ എത്തുന്ന ജോ റൂട്ടും ഒയിന്‍ മോര്‍ഗനും മികച്ച ഫോമിലാണ്. ബോളിംഗില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡും ക്രിസ് വോക്‌സുമെല്ലാം കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ളവരാണ്.
ഇന്ന് വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.















