Sports

ക്രിക്കറ്റിലെ രാജാക്കന്‍മാരെ ഇന്ന് അറിയാം; ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കു നേര്‍

ലണ്ടന്‍: കാത്തിരിപ്പിനു വിരാമമിട്ട് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കലാശപ്പോരിനാണ് കീവീസ് കച്ച മുറുക്കുന്നത്. ലോര്‍ഡ്‌സില്‍ ഉച്ചതിരിഞ്ഞ് 3 മണിക്കാണ് മത്സരം.

സെമി ഫൈനലില്‍ ഇരു ടീമുകളും ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയ ശേഷമാണ് ഫൈനല്‍ കളിക്കാനെത്തുന്നത്. ന്യൂസിലന്‍ഡ് ഇന്ത്യയെ പിടിച്ചു കെട്ടിയ ആത്മവിശ്വാസത്തിലാണ് എത്തുന്നതെങ്കില്‍ മറുവശത്ത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇംഗ്ലണ്ടിന്റെ വരവ്. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടാണ്ട് വിജയിച്ചത്.

പ്രതിഭാശാലികളായ കളിക്കാരാല്‍ സമ്പന്നമാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. ഓപ്പണിംഗ് സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയിയും ബാറ്റ് ചെയ്തത്. സെമി ഫൈനലില്‍ ഓസീസ് പേസ് ആക്രമണത്തെ അനായാസമായി നേരിട്ട ഇരുവരും ന്യൂസിലന്‍ഡിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജോ റൂട്ടും നായകന്‍ ഇയാന്‍ മോര്‍ഗനും മികച്ച ഫോമിലാണ്. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും കൂടിയെത്തുമ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര ശക്തം.

ബോളിംഗ് നിരയും മികച്ച ഫോമിലാണെന്നത് ഇംഗ്ലണ്ടിന് ആശ്വാസമേകുന്നു. ജോഫ്ര ആര്‍ച്ചറുടെ പേസിലും സ്വിംഗിലുമാണ് മോര്‍ഗന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ക്രിസ് വോക്‌സും മാര്‍ക് വുഡും ആദില്‍ റഷീദുമെല്ലാം അവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിക്കുന്നു.

എന്നാല്‍ ന്യൂസിലന്‍ഡിന് ആശങ്ക നല്‍കുന്നത് ടീമിന്റെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലിന്റേയും ഹെന്റി നിക്കോള്‍സിന്റേയും മോശം ഫോം തന്നെ. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മാര്‍ട്ടിന്‍ ഗുപ്ടിലിനെയാണ് ടൂര്‍ണമെന്റില്‍ ഉടനീളം കണ്ടത്. എന്നാലും സെമി ഫൈനലില്‍ ധോണിയെ റണ്ണൗട്ടക്കിയ ഗുപ്ടിലിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് ഫൈനല്‍ യോഗ്യത നേടിക്കൊടുത്തതെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വരെ അഭിപ്രായപ്പെട്ടിരുന്നത്. നായകന്‍ കെയിം വില്യാംസണ്‍ തന്നെയാണ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. റോസ് ടെയ്‌ലറുടെ പരിചയ സമ്പത്തും ടീമിന് ഗുണം ചെയ്യും.

ബോളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് മിന്നുന്ന ഫോമിലാണ്. മാറ്റ് ഹെന്റി ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കുന്നു. ഫെര്‍ഗൂസണും സാന്റ്‌നറും നീഷാമുമെല്ലാം നിര്‍ണ്ണായക സമയങ്ങളില്‍ വിക്കറ്റു വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്.

കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്‌സില്‍ പോരാട്ടത്തിനിറങ്ങുന്നത്. ടൂര്‍ണമെന്റിലെ മികച്ച രണ്ട് ടീമുകള്‍ മുഖാമുഖമെത്തുമ്പോള്‍ ആവേശം വാനോളമുയരമെന്ന് ഉറപ്പാണ്. ഇതോടെ ഒരു മാസത്തിലേറെ നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തിരശീല വീഴും.

178 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close