ലണ്ടന്‍ : വിംബിള്‍ഡണ്‍ കിരീടം നഷ്ടപ്പെട്ടതിന്റെ നിരാശ ഫെഡറര്‍ ആരാധകര്‍ പങ്കുവയ്‌ക്കുമ്പോള്‍ത്തന്നെ മാച്ച് പോയിന്റുകള്‍ അടിയറവയ്‌ക്കുന്ന ഫെഡററുടെ ശീലം ചര്‍ച്ചയാകുന്നു. കളി മുറുകുമ്പോള്‍ കൈവിടുന്ന ഫെഡററുടെ ആത്മവിശ്വാസക്കുറവ് വിലയിരുത്തുന്നത് പ്രസിദ്ധരായ കളിഎഴുത്തുകാരാണ്. ഫൈനലില്‍ 8-8ന് അവസാന സെറ്റില്‍ ഡോകോവിച്ചിനെ 40-15ന് പുറകിലാക്കി നില്‍ക്കെ രണ്ടു എയ്‌സ് തൊടുത്ത് മാച്ച് പോയിന്റ് പിടിക്കേണ്ടിടത്ത് വളരെ അനായാസമായ ഒരു ഫോര്‍ഹാന്‍ഡ് വോളി നഷ്ടപ്പെടുത്തി.
അസുലഭ അവസരങ്ങള്‍ സ്വിസ് താരം കളഞ്ഞുകുളിച്ചതിന്റെ മുന്‍ചരിത്രങ്ങള്‍ അവര്‍ ചികഞ്ഞെടുക്കുന്നു. വിംബിള്‍ഡണിന്റെ 71 വര്‍ഷത്തെ ചരിത്രത്തില്‍പോലുമില്ലാത്ത കൈവിടലാണ് ഫെഡററിലൂടെ കളി ആരാധകര്‍ കണ്ടതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം സര്‍വ്വിലെ മാച്ച് പോയിന്റ് ഫെഡറര്‍ ആദ്യം കളയുന്നത് 2010ലെ യുഎസ് ഓപ്പണിലെ സെമിഫൈനലിലായിരുന്നു. അന്നും എതിരാളി സാക്ഷാല്‍ ഡോകോവിച്ച് തന്നെ. കഴിഞ്ഞവര്‍ഷം ഇന്ത്യാവെല്‍സ് ഫൈനലില്‍ ഡെല്‍ പോര്‍ട്ടോവിനോടും സമാനരീതിയില്‍ തോറ്റപ്പോള്‍ കഴിഞ്ഞ വിംബിള്‍ഡണില്‍ കെവിന്‍ ആന്‍ഡേഴ്‌സണിനോട് രണ്ടുസെറ്റ് മുന്നില്‍ നില്‍ക്കെ കളി കളഞ്ഞു.
കളിയെഴുത്തുകാര്‍ ഇതിനെ ‘ഫിയര്‍ ഓഫ് ഫിനിഷ് ലൈന്‍’ എന്ന് രസകരമായി വിശേഷിപ്പിക്കുകയാണ്. അതായത് നമ്മള്‍ മലയാളികള്‍ പറയുന്ന ‘ പടിക്കല്‍ കലമുടയ്‌ക്കുക’ എന്നതു തന്നെ. 102 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടും ഫെഡറര്‍ക്ക് അവസാന നമിഷത്തില്‍ മെല്ലെപ്പോക്ക് പിടികൂടും പോലും. അയാള്‍ ഒരിക്കലും ഉസൈന്‍ ബോള്‍ട്ട് ആവില്ല എന്ന ട്രാക്കിലെ ലോകപ്രസിദ്ധ ഉപമയാണ് പറയുന്നത്. ഫിനിഷ് ലൈന്‍ ആകുമ്പഴേയ്‌ക്കും അസാമാന്യവേഗം കൈവരുന്ന അവസ്ഥ ഫെഡററിന്റെ രക്തത്തിലില്ല എന്ന് അവര്‍ വിധി എഴുതുന്നു.
പീറ്റ് സാംപ്രാസ് എന്ന മറ്റൊരു ഉശിരന്‍ ജന്റില്‍മാന്‍ താരം, ഒരിക്കല്‍ പോലുംഫൈനല്‍ വിട്ടുകൊടുക്കാത്ത ആ പോരാളിയെ മറികടന്ന ഫെഡറര്‍ക്ക് കൈവിട്ടുകളി ഒരു സ്വഭാവമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുകയാണ്, അതും അടുത്ത വിംബിള്‍ഡണ്‍ നേടും എന്ന പ്രത്യാശയോടെ.















