ദുബായ്: ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി. 922 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അക്കൗണ്ടിലുള്ളത്. ചൊവ്വാഴ്‌ച്ചയാണ് ഐസിസി റാങ്ക് ലിസ്റ്റ് പുറത്തിറക്കിയത്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം തുടരുകയാണ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് റാങ്കിങ് പട്ടികയിലെ രാജ്യങ്ങള്‍.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കില്‍ രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ആണ്. വിരാട് കോലിയേക്കാള്‍ ഒമ്പത് പോയിന്റ് കുറവാണ്. 881 പോയിന്റോടെ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്.
ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് മുന്നില്‍. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സനാണ് റാങ്കിങ്ങില്‍ രണ്ടാമത്.
ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ ആറാമതും അശ്വിന്‍ പത്താം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് റാങ്കിങ്ങില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് രണ്ടാം സ്ഥാനക്കാരന്‍.















