ഇസ്ലാമാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാന്റെ ഇടംകയ്യൻ പേസർ മുഹമ്മദ് ആമിർ. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് മികച്ച ഫോമിലുള്ള ആമിറിന്റെ വിരമിക്കലിന്റെ കാരണമെന്നാണ് ആമിറിന്റെ ഔദ്യോഗിക വിശദീകരണം.
പാകിസ്ഥാനുവേണ്ടി ദീർഘനാൾ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തന്റെ രാജ്യത്തിനുവേണ്ടി കളിക്കാനായത് ബഹുമതിയായി കരുതുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി. എന്നാൽ പരിമിത ഓവറിൽ തുടരും. അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ആമിർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകിയ കത്തിൽ പറയുന്നു.
വാതുവയ്പ്പ് കേസിൽ വിലക്ക് നേരിട്ടതിന് ശേഷം തിരകെ ടീമിലെത്തിയ ആമിർ ലോകകപ്പിൽ മികച്ച ഫോമാണ് പുറത്തെടുത്തത്. ലോകകപ്പിൽ പാക് ബൗളിംഗിന്റെ തുറുപ്പുചീട്ടായിരുന്ന ആമിർ എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം. 36 ടെസ്റ്റുകളില്‍നിന്നും 119 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ടെസ്റ്റിലായിരുന്നു ആമിർ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.















