ലണ്ടന്‍: ആഴ്‌സനല്‍ താരങ്ങളായ സിയാദ് കൊളാസിനാക്കിനും മെസ്യൂട്ട് ഓസിലിനുമെതിരെ ആക്രമണം. അക്രമികള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. അക്രമികള്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചതിനാല്‍ താരങ്ങള്‍ കാര്‍ വേഗത്തില്‍ ഓടിച്ചു അടുത്തുള്ള റെസ്‌റ്റോറന്റില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വടക്കന്‍ ലണ്ടനിലെ ചൈല്‍ഡ്‌സ് ഹില്‍സിലായിരുന്നു സംഭവം. താരങ്ങള്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ജി ക്ലാസ് കാര്‍ മുഖംമൂടിധാരികളായ അക്രമിസംഘം തടയുകയായിരുന്നു. കാര്‍ തടഞ്ഞ അക്രമികളെ കൊളാസിനാക്ക് ഇടിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൊളാസിനാക്ക് കാറില്‍ ഓടി കയറുകയായിരുന്നു.
ആക്രമികള്‍ ഒന്നര കിലോമീറ്റര്‍ ദൂരം ഇവരെ പിന്‍തുടര്‍ന്നു. ഓടുകളും കല്ലുകളും ഉപയോഗിച്ച് അക്രമികള്‍ കാറിന്റെ വശത്തെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കൊളാസിനാക്ക് ഇരുവരും സ്ഥിരം സന്ദര്‍ശിക്കാറുളള തുര്‍ക്കിഷ് റെസ്‌റ്റോറന്റിലേക്ക് വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. റെസ്‌റ്റോറന്റില്‍ എത്തിയ താരങ്ങള്‍ വണ്ടി നിര്‍ത്തി ഓടികയറുകയായിരുന്നു.
ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്ന് ആഴ്‌സണല്‍ അറിയിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്ന് കൊളാസിനാക്ക് ട്വീറ്റ് ചെയ്തു.















