ന്യൂഡല്‍ഹി : 55 വര്‍ഷത്തിനുശേഷം ഡേവീസ് കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടെന്നീസ് ടീം പാകിസ്ഥാനിലെത്തും. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി ഹിരണ്‍മോയി ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 14,15 തിയ്യതികളില്‍ ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് 1 എവേ മല്‍സരം.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡേവിസ് കപ്പിന്റെ നറുക്കെടുപ്പ് വീണത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍ ആയിരുന്നു.
ഈ മാസം 22 അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ പ്രതിനിധികള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച് സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ചിരുന്നു.അത് അനുകൂലമായ ശേഷമാണ് ഇന്ത്യ നിലപാട് പരസ്യമാക്കിയത്.
പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷനുമായി ഇന്ത്യ ബന്ധപ്പെടുകയും അവര്‍ ക്ഷണക്കത്ത് അയക്കുകയും ചെയ്തതോടെ ഇന്ത്യ വിസാ നടപടികളുമായി മുന്നോട്ട് പോവുകയാണ്. വിസ ലഭിക്കാന്‍ ഒരു മാസത്തോളം എടുക്കും.
ഡേവിസ് കപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി ഒടുവില്‍ കളിച്ചത് 2006ലാണ്.മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ 3-2 നു ജയിച്ചു.പാകിസ്ഥാനെതിരെയുള്ള ഡേവിസ് കപ്പില്‍ ഇന്ത്യയുടെ ആകെ വിജയം 6-0 എന്ന നിലയിലായി.















