ന്യൂഡല്‍ഹി:വേണുഗോപാല്‍ റാവു അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37കാരനായ റാവു ഇന്ത്യക്കായി 16 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 11 ഇന്നിംഗ്‌സില്‍ നിന്ന് 218 റണ്‍സാണ് റാവുവിന്റെ സമ്പാദ്യം. പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 61 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2006ലാണ് വേണുഗോപാല്‍ റാവു അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 121 മത്സരങ്ങള്‍ കളിച്ച റാവു 40.93 ശരാശരിയില്‍ 7081 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 17 സെഞ്ച്വറികളും 30 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പുറത്താകാതെ നേടിയ 228 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റാവുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 501 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത സൗത്ത് സോണ്‍ റാവുവിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് അന്ന് മത്സരം വിജയിച്ചത്.
2008-2014 കാലഘട്ടത്തില്‍ ഐപിഎല്ലില്‍ സജീവമായിരുന്ന വേണുഗോപാല്‍ റാവു മൂന്ന് ടീമുകള്‍ക്കു വേണ്ടി 65 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കു വേണ്ടിയാണ് റാവു കളിച്ചത്. 2000ല്‍ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലും വേണുഗോപാല്‍ റാവു അംഗമായിരുന്നു.















