ലണ്ടന്‍: ‘ചാരം’ സൂക്ഷിച്ച ചെപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. നൂറ്റാണ്ടിന്റെ ചരിത്രമുള്ള ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ട്രെന്‍ഡ്ബ്രിഡ്ജ് വേദിയാകും. അഞ്ച് മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനും ആരംഭമാകും.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പര 4-0ന് ഓസീസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പ് വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. നഷ്ടപ്പെട്ട കപ്പ് തിരിച്ചു പിടിക്കാന്‍ ഇംഗ്ലണ്ടും കിരീടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയും കച്ച മുറുക്കുമ്പോള്‍ എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും പോരാട്ടം കനക്കുമെന്നുറപ്പാണ്.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ടായിരുന്ന ജോഫ്ര ആര്‍ച്ചര്‍ പരിക്ക് പൂര്‍ണ്ണാമയി ഭേദമാകാത്തതിനാല്‍ ആദ്യ ടെസ്റ്റിനുണ്ടാകില്ല. എന്നാല്‍ ഇടവേളക്ക് ശേഷം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തി.
ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോ റൂട്ട്(ക്യാപ്റ്റന്‍), റോറി ബേണ്‍സ്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍ സ്‌റ്റോ, മോയിന്‍ അലി, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോ ഡെന്‍ലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
ക്രിക്കറ്റിന്റെ ആദിമ രൂപമായ ടെസ്റ്റ് ക്രിക്കറ്റില്‍ കേവലം റാങ്കിംഗിനപ്പുറം ജേതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ആഷസ് പരമ്പരയോടെ ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ 2 വര്‍ഷം നീണ്ടു നില്‍ക്കും. 2021 ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ നടക്കുക.















