വയനാട്: പ്രളയജലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി വയനാട് ജില്ലയില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഓരോ ഗ്രാമപഞ്ചായത്തിലും വാര്ഡുതലങ്ങള് കേന്ദ്രീകരിച്ചാണ് ശുചീകരണം നടന്നത്. ഒരു ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് പരിപാടിയുടെ ഭാഗമായത്. പ്രളയത്തിന് ശേഷം വയനാട്ടിലെ മിക്കയിടങ്ങളും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള ഇടമായി ഇത്തരം സ്ഥലങ്ങള്‍ മാറുമെന്നുള്ളത് കൊണ്ട് തന്നെ ശുചീകരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വയനാട് ജില്ലാ ഭരണകൂടം. ഇത് നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനൊപ്പം അണിനിരന്നത് ഒരു ലക്ഷത്തോളം പേരാണ്.
ഓരോ പഞ്ചായത്തുകളിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അവിടുത്തെ പൊതുസ്ഥലങ്ങളും വീടുകളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്കൂളുകളും ശുചീകരിച്ചു. ഒപ്പം ആദിവാസി കോളനികളുടെ ശുചീകരണത്തിനും പ്രാധാന്യം നല്കി.
ശുചീകരണത്തിലേര്പ്പെടുന്നവര്ക്ക് എലിപനി പ്രതിരോധ മരുന്നുകള്‍, സുരക്ഷാ മാര്‍ഗങ്ങളായ ഗംബുട്ടുകള്‍, കൈയ്യുറകള്‍ എന്നിവയും നല്‍കിയിരുന്നു.