ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവിനെതിരെ സുപ്രീം കോടതി അഭിഭാഷകന് പരാതി നല്കി. പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവ് ഷെഹല റാഷിദിനെതിരെയാണ് സുപ്രീം കോടതി അഭിഭാഷകനായ അലോക് ശ്രീ വാസ്ത പരാതി നല്‍കിയത്. സൈന്യത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.
സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് ഷെഹല ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. സൈനികര്‍ വീടുകളും വീടുകളിലെ സാധനങ്ങളും നശിപ്പിക്കുകയാണെന്നും ഷെഹല ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
എന്നാല്‍ ഷെഹല വ്യാജവാര്‍ത്തകള്‍ പ്രചരിപ്പുക്കുകയാണെന്നും, ഇവരുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
2016 ല്‍ ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിലൂടെയാണ് ഷെഹല ശ്രദ്ധേയയാകുന്നത്. ജെ. എന്‍. യു യൂണിയന് പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ നടന്ന പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ നിന്നതും ഷെഹലയായിരുന്നു.