ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ പുതുചരിത്രമെഴുതി സാംസങ്. ഡിസ് പ്ലേ രണ്ടായി മടക്കാവുന്ന സ്മാർട്ട് ഫോണാണ് സാംസങ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഗാലക്സി ഫോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 1,64,999 രൂപയാണ് വില.
ഡ്യുവൽ ഡിസ്പ്ലേയുമായാണ് സാംസങ് ഗാലക്സി ഫോൾഡ് വരുന്നത്. 4.6 ഇഞ്ച് എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ് പ്ലേയാണ് പുറത്തുള്ളത്. ഇത് മടക്കിവെക്കുമ്പോഴുള്ളതാണ്. അകത്ത്, 7.2 ഇഞ്ച് ക്യുഎക്സ്ജിഎ + ഡൈനാമിക് അമോലെഡ് ഡിസ് പ്ലേയാണുള്ളത്.
ആകെ ആറ് ക്യാമറകളാണ് ഫോണിനുള്ളത്. 16 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, മടക്കിനുള്ളിൽ 10 മെഗാപിക്സൽ, എട്ട് മെഗാപിക്സൽ ക്യാമറകളും പിറകിൽ 10 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്.
4380എംഎഎച്ചിന്റെ രണ്ട് ബാറ്ററികളാണ് ഫോണിനുള്ളത്. 12 ജിബി റാം ശേഷിയാണ് ഇതിനുള്ളത്. ഒപ്പം 512 ജിബി സ്റ്റോറേജുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും സാംസങ് ഗാലക്സി ഫോൾഡ് പ്രവർത്തിക്കുക.
ഒക്ടോബർ നാലിന് ഫോണിന്റെ ബുക്കിംഗ് ആരംഭിക്കും. ഒക്ടോബർ 20 മുതൽ വിൽപ്പന ആരംഭിക്കും.