കാസര്‍കോട്: വൈദ്യുതി ബില്ലടക്കാത്ത വില്ലേജ് ഓഫീസുകള്‍ക്കെതിരെ കെഎസ്ഇബിയുടെ നടപടി. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.
നേരത്തെ, വൈദ്യുത ബില്ലുകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ നിന്ന് അടക്കാറായിരുന്നു പതിവ്. എന്നാല്‍ കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം നിലവില്‍ വന്നതോടെ ജില്ലാ കലക്ട്രേറ്റില്‍ നിന്ന് ബില്ല് അടക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ കലക്ടര്‍ ആവശ്യം അംഗീകരിച്ചെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ മാസത്തെ ബില്ല് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കലക്ട്രേറ്റില്‍ നിന്ന് ബില്ല് അടച്ചിട്ടില്ലെന്ന വിവരം അപ്പോഴാണ് വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍മാര്‍ തന്നെ നേരിട്ട് പണമടക്കുകയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.