കൊച്ചി: ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്ന് നായകൻ ബർത്തലോമിയ ഓഗ്ബച്ചെ. ആരാധകരുടെ പിന്തുണ അവിശ്വസനീയമാണെന്നും ഓഗ്ബച്ചെ പറഞ്ഞു. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഓഗ്ബച്ചെയാണ് രണ്ട് ഗോളുകളും നേടിയത്.
തന്റെ പേരിൽ ആരാധകർ പലപ്പോഴും ആർപ്പുവിളിച്ചു. അതെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഇതിനെക്കാളും മികച്ച കളികൾ ഞങ്ങൾക്ക് കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ജയം ആരാധകരെ സന്തോഷിപ്പിച്ചു.
കൊച്ചിയിൽ ലഭിച്ച പിന്തുണ, അത് അവിശ്വസനീയമായിരുന്നു. ഞാൻ ഇതിനെപറ്റി മുൻപും കേട്ടിട്ടുണ്ടായിരുന്നു എന്നാൽ അതിലെല്ലാം അപ്പുറമായിരുന്നു തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ ഊർജ്ജം. ആ അന്തരീക്ഷത്തിൽ കളിയ്‌ക്കാൻ വാം അപ്പിന്റെ പോലുമാവശ്യമില്ല. ഇതുപോലുള്ള സാഹചര്യങ്ങളിലും മോശം സാഹചര്യങ്ങളിലും അവരിത്തരത്തിൽ ഒരുമിച്ചു വന്നു ഞങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങൾക്ക് കൂടുതൽ നന്നായിത്തന്നെ മുൻപോട്ടുപോകണം. ടീം കൂടുതൽ മെച്ചപ്പെടണം. അതുകൊണ്ടുതന്നെ ധാരാളം ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും മുൻപിലുണ്ട്. എന്തുതന്നെയായാലും ഞാൻ നന്നായിക്കളിക്കും. പ്രധിരോധനിരയിലെ മികച്ച താരമായ ജിങ്കനെ നഷ്ടമായത് ഒരു വലിയ വിടവാണ്. അദ്ദേഹത്തിന്റെ പരിക്ക് ഞങ്ങൾക്ക് ആഘാതമായി. അദ്ദേഹത്തിന്റെ പരിക്ക് വേഗം ഭേദമാവാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.















