ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു മുന്നണികളും ലഭിച്ച അവസരങ്ങൾ പാഴാക്കിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിൽ മലയാളി താരം ആഷിഖ് കരുണിയൻ ബംഗളൂരുവിനായി അരങ്ങേറ്റം കുറിച്ചു.
ബംഗളൂരു ഒരുപടി മുന്നിലായിരുന്നുവെങ്കിലും ആക്രമണ പ്രത്യാക്രമണങ്ങളുമായി നോർത്ത് ഈസ്റ്റും കളം നിറഞ്ഞു. നോർത്ത് ഈസ്റ്റിന് വേണ്ടി 52-ാം മിനിറ്റിൽ മുന്‍ ഘാന താരം അസമോവ ഗ്യാന്റെ കാലിൽ നിന്ന് ഗോളെന്ന് തോന്നിപ്പിച്ച ഷോട്ട്. എന്നാൽ ക്രോസ് ബാർ ബംഗളൂരുവിനെ രക്ഷകനായെത്തി.
സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്.















