രണ്ട് ദിവസത്തിലധികം ചാര്‍ജ് നില്ക്കുന്ന ബാറ്ററി ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ട്. കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി ഉണ്ടായിരുന്നവെങ്കില്‍ എന്നും നമ്മള് ആഗ്രഹിച്ചിട്ടുണ്ടാകും. ഇതിന് പരിഹാരമായി തുടര്‍ച്ചയായി അഞ്ച് ദിവസം വരെ ചാര്‍ജ് നില്ക്കുന്ന ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ വരെ ഇലക്ട്രിക് കാര്‍ ഓടിക്കാന്‍ കഴിയുന്നതാണ് ഈ ബാറ്ററി സങ്കേതിക വിദ്യയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ലിഥിയം – അയണ്‍ സംയുക്തത്തെ അടിസ്ഥാനമാക്കിയുള്ള ബാറ്ററിയില്‍ നിന്നും വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. ലിഥിയവും സള്‍ഫറും ഉപയോഗിച്ചാണ് ബാറ്ററി പ്രവര്‍ത്തിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ സാങ്കേതിക വിദ്യ. പേസ്മേക്കറിന് പോലും ഇത് കൂടുതല്‍ ശക്തി പകരമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നു. രണ്ട് മുതല്‍ നാല് വര്‍ഷത്തിനകം പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഈ വര്‍ഷം തന്നെ ഇലക്ട്രിക് കാറില്‍ ബാറ്ററിയുടെ പരീക്ഷണം നടത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. വാഹന വിപണിയില്‍ ഇത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.















