നെറ്റ്‌വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോയും. നിലവില്‍ ആപ്പിള്‍, സാംസങ്ങ് സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ഈ സേവനം ഉടന്‍ ഷവോമി പോലുള്ള ബ്രാന്‍ഡുകളിലേക്കും എത്തിക്കും.
ഏത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോള്‍ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഡല്‍ഹിയിലും ചെന്നൈയിലും സേവനം ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്. അധികം വൈകാതെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും സംവിധാനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുക. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ സെറ്റിംഗ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുമോ എന്ന് പരിശോധിക്കണം. വോള്‍ട്ടി സേവനവും സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമെ സേവനം ലഭ്യമാകൂ.
വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ മാത്രമെ വൈഫൈ കോളിംഗ് സേവനത്തിന് ഉപയോഗിക്കുള്ളു. എയര്‍ടെല്‍ വോയ്സ് ഓവര്‍ വൈഫൈ സേവനം നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കില്‍ മാത്രമായിരിക്കും സേവനം ലഭിക്കുക. എന്നാല്‍ അധികം വൈകാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും സേവനം എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.















