ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിവിധയിടങ്ങളിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു ബിഎസ്എഫ് സൈനികന് ഉള്‍പ്പെടെ ആറ് പേര് മരിച്ചു. ഇതോടെ ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.
കുപ് വാര മച്ചില്‍ സെക്ടറില്‍ നടന്ന അപകടത്തില്‍ നാല് സൈനികര്‍ മരിച്ചതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്കടുത്ത് നൗഗാം സെക്ടറില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. നൗഗാം സെക്ടറില്‍ കുടുങ്ങിയ ഏഴ് ബിഎസ്എഫ് സൈനികരില്‍ ഒരാള്‍ ഒഴികെ മറ്റ് ആറു പേരെയും രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സൈനികരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്.
അതേസമയം, സോന്‍ മാര്‍ഗിലെ ഗാന്ധര്‍ബല്‍ ജില്ലയിലെ കുളന് ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഗുറൂസ്, രാംപൂര്‍, എന്നിവിടങ്ങളില്‍ മഞ്ഞിടിച്ചിലില്‍ ഉണ്ടായെങ്കിലും ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയില്‍ ഒരു ആര്‍മി പോര്‍ട്ടര്‍ മരിച്ചിരുന്നു. ജമ്മു കശ്മീര്‍, ലഡാക് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.