വെല്ലിംഗ്ടണ്‍: ക്യാപ്റ്റന്‍ റാണി രാംപാലിന്റെ മികവില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. റാണി രാംപാലിന്റെ ഇരട്ട ഗോളുകളുടെ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പെണ്‍പടയുടെ വിജയം. ഷര്‍മിള, നമിത ടോപ്പോ എന്നിവരും ഇന്ത്യക്കായി ഗോള്‍ നേടി.
ഒളിംപിക്‌സിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ന്യൂസിലന്‍ഡിനെതിരായ പ്രകടനം. വിജയത്തിനായി നിരന്തരം പരിശ്രമിക്കുന്ന കളിക്കാരെയാണ് മത്സരത്തില്‍ ഉടനീളം കാണാനായത്. മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. റാണി രാംപാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ന്യൂസിലന്‍ഡ് ഗോള്‍ മുഖം ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം തുടര്‍ന്നു കൊണ്ടേയിരുന്നു.
മൂന്നാം ക്വാര്‍ട്ടറില്‍ തന്നെ യുവതാരം ശര്‍മിളയിലൂടെ ഇന്ത്യയുടെ രണ്ടാം ഗോളും പിറന്നു. നാലാം ക്വാര്‍ട്ടറില്‍ റാണി രാംപാലും നമിതയും ഗോള്‍ നേടി. ഒരു ഗോള്‍ പോലും വഴങ്ങാതെ മത്സരം നിയന്ത്രിച്ച ഇന്ത്യന്‍ പ്രതിരോധ നിരയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആതിഥേയരായ ന്യൂസിലന്‍ഡുമായി നാല് മത്സരങ്ങളും ഗ്രേറ്റ് ബ്രിട്ടനുമായി ഒരു മത്സരവുമാണ് ഇന്ത്യ കളിക്കുക.















