ജൊഹന്നാസ്ബെർഗ്: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ഇംഗ്ലണ്ട്.അഞ്ച് ലക്ഷം ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ഇംഗ്ലണ്ട് തങ്ങളുടെ പേരിൽ എഴുതി ചേർത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ജോഹന്നാസ്ബെർഗിൽ നടക്കുന്ന നാലാമത്തെ ടെസ്റ്റിലാണ് ഇംഗ്ലീഷ് പട നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നേടിയ സിംഗിൾ ആണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ സ്കോർ അഞ്ച് ലക്ഷത്തിൽ എത്തിച്ചത്. പട്ടികയിൽ രണ്ടാമതുള്ള ഓസ്ട്രേലിയയെക്കാൾ ബഹുദൂരം മുന്നിലാണ് ഇംഗ്ലണ്ടുള്ളത്. ഇന്ത്യയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.
1022 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ 830 ടെസ്റ്റുകളിൽ നിന്ന് 4,32,706 റൺസാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ സമ്പാദ്യം 540 ടെസ്റ്റുകളിൽ നിന്ന് 2,73,518 റൺസാണ്. 545 ടെസ്റ്റിൽ നിന്ന് 2,70,441 റൺസ് എടുത്ത വെസ്റ്റിൻഡീസാണ് നാലാം സ്ഥാനത്തുള്ളത്.

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ മറ്റൊരു നേട്ടത്തിനും ഇഗ്ലണ്ട് അർഹമായിരുന്നു. വിദേശത്ത് 500 ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ടീമെന്ന നേട്ടമായിരുന്നു ഇഗ്ലണ്ട് തങ്ങളുടെ പേരിൽ എഴുതിയത്.















