ഗോവ: ഐഎസ്എലിലെ വാശിയേറിയ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയോട് പൊരുതി വീണു (2-3). രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സ് അവസാന നിമിഷമാണ് തോല്‍വി വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിനായി ബര്‍തലോമിയ ഒഗ്ബെച്ചെയും റാഫേല്‍ മെസി ബൗളിയും ഗോളടിച്ചു. ഗോവന്‍ നിരയില്‍ ഹ്യൂഗോ ബുമുസ് ഇരട്ടഗോള്‍ നേടി. ജാക്കിചന്ദ് സിങ് ഒരു ഗോളും. 27 പോയിന്റുമായി ഗോവ ഒന്നാമതെത്തി. 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്.
കളിയുടെ പതിനൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയത്തി. സിഡോഞ്ചയെടുത്ത ഷോര്‍ട്ട് കോര്‍ണര്‍ മെസി ബൗളിക്ക് കിട്ടി. എന്നാല്‍ മെസി ബൗളിക്ക് കരുത്തുറ്റ അടി പായിക്കാനായില്ല. ഷോട്ട് ഗോവ ഗോള്‍ കീപ്പര്‍ നവാസിന്റെ കയ്യിലൊതുങ്ങി. 19ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ഗോവന്‍ ഏരിയയെ വിറപ്പിച്ചു. റാകിപ്പിന്റെ ക്രോസ് കൃത്യമായി ഒഗ്ബെച്ചെയുടെ കാലില്‍ കിട്ടി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. ഗോവ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ശ്രദ്ധിച്ചു. 22ാം മിനിറ്റില്‍ ജഹുവും കൊറോമിനാസും ചേര്‍ന്ന് ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തി. കൊറോമിനാസിന്റെ അടി രെഹ്നേഷ് സമര്‍ഥമായി തടഞ്ഞു. തൊട്ടടുത്ത മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്ബെച്ചെയുടെ മനോഹരമായി ക്ലിയറന്‍സ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. ഫാളിന്റെ ഹെഡര്‍ ഗോള്‍വലയ്ക്ക് മുന്നില്‍ വച്ച് ഒഗ്ബെച്ചെ തടയുകയായിരുന്നു. ഇതിനിടെ കൊറോമിനാസിനെ വീഴ്ത്തിയതിന് ഡിഫന്‍ഡര്‍ ഡ്രോബറോവിന് റഫറി മഞ്ഞക്കാര്‍ഡ് വീശി.
26ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. ബ്രണ്ടന്‍ ഫെര്ണാണ്ടസില് നിന്നായിരുന്നു ഗോവയുടെ തുടക്കം. ഇടതു വിങ്ങില്‍ മന്ദാര് റാവുവിന് ഫെര്‍ണാണ്ടസ് പന്ത് നല്കി. മന്ദാര് പന്തുമായി മുന്നേറി. ഇടതു മൂലയില്‍നിന്ന് ക്രോസ് പായിക്കുമ്പോള്‍ ബുമുസ് ബോക്സില്‍ എത്തിയിരുന്നു. ബുമുസിനെ തടയാന്‍ ഡ്രോബറോവ് ആഞ്ഞുശ്രമിച്ചെങ്കിലും തടയാനായില്ല. 33ാം മിനിറ്റില്‍ ഗോവന്‍ ഡിഫന്‍ഡര്‍ ഫാള്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നീക്കത്തെ സാഹസികമായി തടഞ്ഞു. റാക്കിപിന്റെ ക്രോസ് ഗോള്വരയ്ക്കരികെവച്ച് ഫാള്‍ തലകൊണ്ട് കുത്തിയകറ്റുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോവ രണ്ടാംഗോള്‍ നേടി. കൊറോമിനാസ് ഒരുക്കിയ അവസരത്തില്‍ ജാക്കിചന്ദ് സിങ് ആണ് സ്കോര്‍ ചെയ്ത്.
രണ്ടാം പകുതിയില്‍ പുത്തന്‍ വീര്യവുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. 53ാം മിനിറ്റില്‍ മെസി ബൗളിയുടെ തകര്‍പ്പന്‍ ഗോള്‍. ഒഗ്ബെച്ചെയുമായി പന്ത് കൈമാറിയെത്തിയ മെസി ബൗളി ഇടംകാല് കൊണ്ട് ഷോട്ട് പായിച്ചു. ഒഗ്ബെച്ചെയുടെ മനോഹരമായ നീക്കമാണ് ബൗളിക്ക് വഴിയൊരുക്കിയത്. അവിടെകൊണ്ട് നിര്‍ത്തിയില്ല ബ്ലാസ്റ്റേഴ്സ്. ഗോവന്‍ ആരാധകരെ നിശബ്ദരാക്കി 69ാം മിനിറ്റില്‍ മറ്റൊരു ഗോള്‍. സെര്‍ജിയോ സിഡോഞ്ചയുടെ കോര്‍ണര്‍ കിക്ക് കൃത്യമായി ഒഗ്ബെച്ചെയുടെ തലയില്‍. എന്നാല്‍ അവസാന ഘട്ടത്തില്‍ ബുമുസിന്റെ രണ്ടാംഗോളിലൂടെ ഗോവ ലീഡ് തിരിച്ചുപിടിച്ചു. ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും സമനില പിടിക്കാനായില്ല. ഫെബ്രുവരി ഒന്നിന് ചെന്നൈയിന് എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.