മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ തീയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. തീയതി പ്രഖ്യാപിച്ചതിനൊപ്പം ഈ സീസണിൽ നടപ്പിലാക്കുന്ന ചില മാറ്റങ്ങളും ഐപിഎൽ ഭരണ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ഈ സീസൺ മുതൽ ഐപിഎല്ലിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ്.
മത്സത്തിനിടെ പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ടീമിൽ ഉൾപ്പെടുത്താം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും.
ഈ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ, 11 അംഗ പ്ലേയിംഗ് ഇലവനൊപ്പം 15 അംഗ ടീമിനെയും മത്സരം തുടങ്ങുന്നതിന് മുൻപ് ടീമുകൾക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം ഐപിഎല്ലിൽ നടപ്പാക്കുന്നതോടെ ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന് തന്നെയാണ് ഇത് വഴി തുറക്കുന്നത്.















