ന്യൂഡല്‍ഹി: ഇന്ത്യ 2032ലെ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും വേദിയാകാനുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കോട്‌സാണ് ഇന്ത്യ പിന്മാറിയ വിവരം അറിയിച്ചത്, എന്നാല്‍ അതിന് മുന്നേ 2026ലെ യൂത്ത് ഒളിമ്പിക്‌സിന് വേദിയാവാനുള്ള ശ്രമം നടത്തുകയാണെന്ന വാര്‍ത്ത കായികമന്ത്രാലയം പുറത്തുവിട്ടു. ഇതിനിടെ 2030ലെ ഏഷ്യന്‍ ഗെയിംസിനുള്ള ശ്രമവും ഇന്ത്യ നടത്തുന്നുണ്ട്. ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും ഇടയില്‍ രണ്ടുവര്‍ഷത്തെ മാത്രം സമയം എന്നത് ഒരുക്കങ്ങള്‍ക്ക് മതിയാകില്ലെന്ന കാരണത്താലാണ് പിന്മാറ്റമെന്ന് ഇന്ത്യയുടെ ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.
ഒളിമ്പിക്‌സ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറാണ് അവസാന വാക്ക്. 1200 കോടി അമേരിക്കന്‍ ഡോളര്‍ ചിലവ് വരുന്ന ഒളിമ്പിക്‌സിന്റെ പകുതി ചിലവ് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കൗണ്‍സിലാണ് വഹിക്കുക. 2020ലെ ഒളിമ്പിക്‌സ് ജപ്പാനും 2024ലേത് പാരീസിലുമാണ് നടക്കുന്നത്. 2032നായി ജര്‍മനിയും ഓസ്‌ട്രേലിയയും രംഗത്തുണ്ട്. 1984 ലെ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്ഡ ഗെയിംസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ എന്നിവയാണ് ഇന്ത്യ ക്രിക്കറ്റിനും ഹോക്കിക്കും പുറമേ വേദിയായ കായിക മത്സരങ്ങള്‍.















