ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിന് ജയം. ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായാണ് ബംഗ്ലാദേശ് ചാമ്പ്യന്മാരാകുന്നത്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയത്.
41 -ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ 46 ഓവറില്‍ 170 റണ്‍സായി വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചു. 23 പന്ത് ശേഷിക്കെ ഈ ലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. 47 റണ്‍സെടുത്ത ഓപ്പണര്‍ പര്‍വേസ് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ്സ്‌കോറര്‍. 79 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്സ്. അക്ബര്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.
178 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് വേണ്ടി നായകന്‍ അക്ബര്‍ അലി (43) യും റാകിബുല്‍ ഹസനും (9) ചേര്‍ന്നാണ് വിജയം പൂര്‍ത്തീകരിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 177 റണ്‍സിനാണ് പുറത്തായത്. 88 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. യശസ്വിക്ക് പുറമെ തിലക് വര്‍മ്മ 38 ഉം ധ്രുവ് ജുറെല്‍ 22 ഉം റണ്‍സെടുത്ത് പുറത്തായി.















