കോഴിക്കോട്: കേരള ഫുട്ബോള്‍ രംഗത്തെ മുതിര്‍ന്ന താരം കെ.വി.ഉസ്മാന് അന്തരിച്ചു. ഡെംപോ ഉസ്മാന് എന്ന പേരില്‍ പ്രസിദ്ധനായിരുന്ന അദ്ദേഹം 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമിലെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. അതിന് മുമ്പ് കേരളം കളിച്ച 1968ലെ സന്തോഷ് ട്രോഫി മത്സരത്തിലും ഉസ്മാന് നിറസാന്നിദ്ധ്യമായിരുന്നു. പിന്നീട് ഡെംപോ സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ താരമെന്ന നിലയില്‍ ഏറെ പേരെടുക്കാനും ഉസ്മാന് സാധിച്ചിരുന്നു.
കാലിക്കറ്റ് എ.വി.എം സ്പോര്‍ട്ട്സ് ക്ലബ്ബിലൂടെയാണ് ഉസ്മാന് ഫുട്ബോള്‍ രംഗത്ത് അറിഞ്ഞുതുടങ്ങിയത്. ജില്ലാ തലത്തില്‍ അണ്ടര്‍-17 താരമായി കളിച്ചാണ് തുടക്കം. ഒരുസമയത്ത് സെവന്‍സ് ഫുട്ബോള്‍ ഹരമായപ്പോള്‍ ഉസ്മാന് അതിലും ശക്തനായ പോരാളിയായിരുന്നു. എല്ലാ പൊസിഷനിലും കളിക്കാനറിയുമായിരുന്ന ഉസ്മാന് ഡിഫന്റെറെന്ന നിലയില്‍ എതിരാളികളെ ഒരിക്കലും ഫൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത താരമായിരുന്നു എന്ന് മുതിര്‍ന്ന താരങ്ങള്‍ സൂചിപ്പിച്ചു.