മുംബൈ: ലോകമെങ്ങും കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയ൪ ലീഗ് ക്രിക്കറ്റ് നടത്തുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. മാ൪ച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ നീട്ടിവെക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധ അഭിപ്രായം. ഇങ്ങനെ ഐപിഎൽ വേണ്ടെന്ന് വെച്ചാൽ ഇന്ത്യൻ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്ന ഒരു പിടി താരങ്ങളുടെ ഭാവിയും തുലാസിലാകും. ഇത്തരത്തിൽ പെട്ടുപോയ കളിക്കാര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.
ടീമിലേക്കു മടങ്ങിവരാനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്‌ക്കു ഐപിഎല്‍ നിര്‍ണായകമായിരുന്നു. ഐപിഎല്ലിൽ ചെന്നൈയുടെ താരമായ റെയ്ന അടുത്തെങ്ങും നാട്ടിലോ വിദേശത്തോ ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടീമിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു റെയ്ന.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു പുറത്തായ താരമാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. ടി20 ലോകകകപ്പിനുള്ള ടീമിലേക്കുള്ള സാധ്യത നിലനിര്‍ത്താനുള്ള താരത്തിന്റെ ഏറ്റവും വലിയ അവസരമാണ് ഐപിഎൽ. ഇന്ത്യന്‍ ടീമിൽ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയ മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലിലൂടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ താരം കൂടിയായിരുന്നു സഞ്ജു.
ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഐപിഎല്‍ നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി തന്റെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയ്‌ക്കും ഐപിഎൽ നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് ദുബെ.















