സ്റ്റോക്ക് ഹോം: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ആയിരങ്ങള്‍ മരിക്കുമെന്ന് സ്വീഡീഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലൊവാന്. ഈ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ലൊവെന് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നില്ലെന്ന് രാജ്യത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ സ്വീഡനെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി സ്വീഡന് പ്രധാനമന്ത്രി രംഗത്തെത്തിയത്. സമ്മേളനങ്ങളില്‍ 49 പേരില്‍ കൂടുതല്‍ അനുവദിക്കില്ല, ബാറുകളിലും ഹോട്ടലുകളിലും ടേബിള്‍ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുള്ളൂ. ആളുകള്‍ കൂടുതലായി എത്തുന്ന മ്യൂസിയം പോലുള്ളവ അടച്ചിടും. എന്നീ നിയന്ത്രണങ്ങളും ലൊവന് പ്രഖ്യാപിച്ചു.
സ്വീഡനില്‍ ആകെയുണ്ടായിരുന്ന നിയന്ത്രണം 500 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ പാടില്ലെന്നായിരുന്നു. മറ്റ് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് പോയപ്പോഴും സ്വീഡനിലെ ജന ജീവിതം സാധാരണ നിലയിലായിരുന്നു. രോഗം ബാധിച്ച് 400ല്‍ അധികം പേര് സ്വീഡനില്‍ മരിച്ചിട്ടുണ്ട്. 6000 ല്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.