ലണ്ടന്‍: അത്‌ലറ്റിക് താരങ്ങളുടെ ഒളിമ്പിക്‌സിനായുള്ള യോഗ്യത നേടേണ്ട അവസാന സമയം ലോക അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കി. ഒളിമ്പിക്‌സടക്കം അടുത്തവര്‍ഷത്തേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് ലോക അത്‌ലറ്റിക് ഫെഡറേഷന്‍ കായികതാരങ്ങളുടെ യോഗ്യത നേടേണ്ട അവസാന സമയം ഡിസംബറെന്നത് റദ്ദാക്കിയത്. 2020 ഡിസംബര്‍ മാസം വരെയാണ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള സമയമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ 2020 ടോക്കിയോ ഒളിമ്പിക്‌സിനായി നേരത്തെ നേടിയവരുടെ യോഗ്യത തുടരും. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ എല്ലാ കായിക ഇനങ്ങള്‍ക്കുമായുള്ള യോഗ്യതാ സമയം 2012 മെയ് 31 ആണ്.
നേരത്തെ ഒളിമ്പിക്‌സ് നീട്ടിയെങ്കിലും ഏപ്രില്‍ 6 മുതല്‍ നവംബര്‍ 30 വരെയോഗ്യതകള്‍ നേടാമെന്ന തീരുമാനവും ഇതോടെ റദ്ദാക്കി. ഈ കാലയളവില്‍ ഏതു മത്സരത്തില്‍ പങ്കെടു ത്താലും ലഭിക്കുന്ന യോഗ്യത ടോക്കിയോ ഒളിമ്പിക്‌സിനായി പരിഗണിക്കില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു.പുതുതായി യോഗ്യത നേടേണ്ടവര്‍ മാത്രമാണ് ഇനി പുതുക്കിയ സമയത്ത് മത്സരിക്കേണ്ടതെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.
കണക്കുകള്‍ക്കായി മാത്രം എല്ലാ ഫലങ്ങളും രേഖപ്പെടുത്തും. ഇതില്‍ ലോക റെക്കോഡുകളും പരിഗണിക്കും. എന്നാല്‍ ഒളിമ്പിക്‌സിനായുള്ള യോഗ്യതക്കായി പിന്നീട് നിശ്ചയിക്കുന്ന മത്സരങ്ങളില്‍ ഇനി യോഗ്യത നേടാത്തവര്‍ പങ്കെടുക്കണം. ഇനി ഒളിമ്പിക്‌സിനായി യോഗ്യതാ മത്സരങ്ങള്‍ 2020 ഡിസംബര്‍ ഒന്നു മുതലാണ് നടക്കുക. അവസാന തീയതി പിന്നീടറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.















