മുംബൈ : ലോക്ക്ഡൗൺ കാലത്ത് കോളടിച്ചത് ചെറു വീഡിയോകൾ അവതരിപ്പിക്കുന്ന ചൈനീസ് ആപ്പായ ടിക് ടോക്കിനാണ്. ആപ്പ് ഡൗൺലോഡ്സിൽ വൻ കുതിച്ചുചാട്ടമാണ് ആപ്ലിക്കേഷൻ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധിക ആളുകൾ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന റെക്കോർഡ് നേട്ടം ടിക് ടോക്ക് സ്വന്തമാക്കി കഴിഞ്ഞു. സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിനെയും വാട്ട്സ് ആപ്പിനെയും പിന്തള്ളിയാണ് ടിക് ടോക് പുതിയ റെക്കോർഡിൽ എത്തിയിരിക്കുന്നത്.
ആകെ 49 മില്യൺ ഡൗൺലോഡുകളാണ് ആൻഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി ടിക് ടോക്കിനുള്ളത്. ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഡൗണ്‍ലോഡിൽ ഇരുപത് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ആണ് ടിക് ടോക്കിന്റെ ഉടമസ്ഥർ. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഹലോ ആപ്പും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത പട്ടികയിലുണ്ട്.
ലോക്ക്ഡൗൺ ആയതിനാൽ ആളുകൾ എല്ലാവരും വീടുകളിൽ തന്നെയാണ്. പലരും സമയം ചിലവഴിക്കാൻ ചെറുവീഡിയോകൾ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ടിക് ടോക്കിന്റെ ഡൗൺലോഡ്സിൽ വർധനവുണ്ടാകാൻ കാരണം എന്നാണു വിലയിരുത്തപ്പെടുന്നത്.















