നാഗപ്പൂര്‍: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രത്യേക സുരക്ഷിത കേന്ദ്രത്തിലെത്തിച്ച അശരണര്‍ക്ക് തൊഴില്‍ പഠിപ്പിച്ച് നാഗപ്പൂര്‍ നഗരസഭ. ഭിക്ഷാടനം നടത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ക്കാണ് കൊറോണ കാലത്ത് തൊഴില്‍പരിശീലനം നല്‍കാനുള്ള നൂതനമായ സംവിധാനം ഒരുക്കിയത്.
കേന്ദ്രസര്‍ക്കാറിന്റെ വിവിധ തൊഴില്പരിശീലനകേന്ദ്രങ്ങളിലെ വിദഗ്ധരാണ് പരിശീലനം നല്‍കുന്നത്. ആയിരത്തിഅഞ്ഞൂറുപേരോളം താമസിക്കുന്ന ആശ്രയകേന്ദത്തിലാണ് എല്ലാവര്ക്കും ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത്. എന്നും അലഞ്ഞു നടന്നിരുന്നവര്‍ ഒരു സ്ഥലത്ത് അടച്ചിരിക്കുന്നതില് നിന്നും മുക്തരാക്കാനാണ് കൈത്തൊഴില്‍ പഠിപ്പിക്കുന്നത്.
ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നവരെ ആശ്രയകേന്ദ്രത്തിലെത്തിക്കുകയും മുടിവെട്ടിച്ചും കുളിപ്പിച്ചും മരുന്നുകള്‍ നല്‍കിയും സുഖപ്പെടുത്തുകയുമാണ് ആദ്യം ചെയ്ത നടപടി എന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കിടയില്‍ ആര്‍ക്കും കൊറോണ ബാധയുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.