പൂനെ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി ഐടി രംഗത്തെ വമ്പന്മാരായ വിപ്രോ രംഗത്ത്. പൂനെയിലെ വിപ്രോയുടം ക്യാമ്പസ് കൊറോണാ ചികിത്സാ കേന്ദ്രമാക്കിമാറ്റാനുള്ള സന്നദ്ധതയാണ് വിപ്രോ ചെയര്മാന് അസിം പ്രേംജി പ്രകടിപ്പിച്ചത്. പൂനെയിലെ ഹിഞ്ചാവാടി ക്യാമ്പസാണ് ആശുപത്രിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 450 കിടക്കകളാണ് സജ്ജീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആശുപത്രി പ്രവര്‍ത്തന സജ്ജമാകും.
ക്യാമ്പസിനകത്തെ ആശുപത്രിയില്‍ പ്രത്യേകമായി സജ്ജീകരിക്കുന്ന 12 കിടക്കകളുള്ള അതിതീവ്ര പരിചരണ വിഭാഗവും പ്രവര്‍ത്തിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പറിയിച്ചു. ഇതിനൊപ്പം ഡോക്ടര്‍മാര്‍ നഴ്സ് മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി 24 മുറികള്‍ സജ്ജമാക്കിയതായും വിപ്രോ അറിയിച്ചു.
മഹാരാഷ്ട്ര സംസ്ഥാനത്ത് ആകെ 15525 കൊറോണ ബാധിതരാണുള്ളത്. ഇതില്‍ ഇന്നലെ മാത്രം 841 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. 617 പേര് മഹാരാഷ്ട്രയില്‍ മരണപ്പെട്ടുവെന്നും ഇതില്‍ മുംബൈയിലെ മാത്രം മരണസംഖ്യ 26 ആയെന്നും സംസ്ഥാന ആരോഗ്യവകുപ്പറിയിച്ചു.