ജോധ്പൂര്‍: ശരീരത്തില്‍ ഒരു കിലോഗ്രാം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സ്ഥിരമായി ധരിച്ചു നടക്കുന്ന അഭിഭാഷകന് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ അഭിഭാഷകനായ നാരായണ്‍ സിംഗിനെയാണ് കൊല്ലപ്പെട്ട നിലയില്‍ തൊട്ടടുത്ത ജില്ലയില്‍ നിന്നും കണ്ടെത്തിയത്. രണ്ടു ദിവസമായി കാണാതിരുന്ന നാരായണ്‍ സിംഹിന്റെ മൃതശരീരം പാലി ജില്ലയ്ക്കടുത്തുള്ള സോജാത് പട്ടണത്തിലെ അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു കുളത്തിന് സമീപത്തായി കുഴിച്ചിട്ടിരുന്ന മൃതദേഹത്തിന്റെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നു. സിംഗിന്റെ കാര്‍ കുറച്ചുദൂരെ കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തി. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ ജോധ്പൂര്‍ പോലീസാണ് പിടികൂടിയത്.
സ്വര്‍ണ്ണം ധരിച്ചു നടക്കുന്ന നാരായണ്‍ സിംഗിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം കൊന്നുതള്ളിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാധാരണ ധരിക്കാറുള്ള ആഭരണങ്ങളും മൊബൈല്‍ ഫോണുകളും എല്ലാം നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഉമേഷ് സോണി, പ്രഭു പട്ടേല്‍, അര്ജ്ജുന് ദേവസി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വര്‍ണ്ണം പ്രദര്‍ശിപ്പിച്ചു നടക്കുന്ന വിചിത്ര ശീലമുള്ള നാരായണ്‍ സിംഗിന്റെ സെല്‍ഫി ആവശ്യപ്പെട്ട് മൂന്നുപേരും വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പറയുന്നത്. ഒരു സെല്‍ഫിക്ക് 2500 രൂപ തരാം എന്നും നാരായണ്‍ സിംഗിനോട് പറഞ്ഞിരുന്നതായും പ്രതികള്‍ സമ്മതിച്ചു. 940, 250,140 എന്നീ ഗ്രാമുകള്‍ തൂക്കമുള്ള ആഭരണങ്ങള്‍ മാലയായും കൈവള യായും ധരിച്ചാണ് നാരായണ്‍ സിംഗ് നടക്കാറുണ്ടായിരുന്നത്. സെല്‍ഫിക്ക് വേണ്ടി മാത്രമായി അപരിചിതരായ മൂന്നുപേര്‍ക്കൊപ്പം സ്വന്തം കാറില്‍ പോയത് എന്തിനാണെന്ന അന്വേഷണവും പോലീസ് നടത്തുകയാണ്.