കുവൈറ്റ് സിറ്റി : നൂതനവിദ്യാഭ്യാസ മേഖലയിൽ അനന്തമായ ഓൺലൈൻ സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ട് സാമൂഹിക സാമ്പത്തിക ആരോഗ്യ രാഷ്ട്രീയ മേഖലകളിൽ നിക്ഷിപ്തമായ വിദ്യാർത്ഥികളുടെ പരിജ്ഞാനത്തെ ഉപയോഗപ്പെടുത്തുവാനും പുത്തൻ ഭരണപരിഷ്കാരങ്ങളുടെ സാമൂഹിക സ്വാധീനം വിലയിരുത്തുന്നതിനും വേണ്ടി ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ ആതിഥേയത്വം വഹിച്ചുകൊണ്ട് മെയ് 30 ശനിയാഴ്ച ഭവൻസ് മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരം സംഘടിപ്പിച്ചു.
കുവൈറ്റിൽ നിന്നുമുള്ള വിവിധ സ്കൂളുകൾക്ക് പുറമെ മിഡ്ഡിൽ ഈസ്റ്റ് നിന്നും പങ്കെടുത്ത 9 ഓളം സ്കൂളുകളെ പ്രതിനിധീകരിച്ച് നിരവധി വിദ്യാർത്ഥികളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. കോറോണയിലൂടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസമാന്ദ്യത്തിൽ നിന്നും വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ ഇത്തരത്തിലുള്ള മത്സരങ്ങൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട് എന്നതിനുള്ള മികച്ച ഉദാഹരണങ്ങളായിരുന്നു ഓരോ കുട്ടികളുടെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ.രാജ്യത്തിതാദ്യമായാണ് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെ മോഡൽ യുണൈറ്റഡ് നേഷൻസ് സംഘടിപ്പിക്കുന്നത് . രാവിലെ 9 മണിയോടുകൂടി ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുറമെ നിരവധി അധ്യാപകരും പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ ഔദ്യോഗികമായി ഉദഘാടനം ചെയ്ത പരിപാടിയിൽ ഭവൻസ് മിഡ്ഡിൽഈസ്റ് ചെയർമാൻ എൻ. കെ രാമചന്ദ്രൻ മേനോൻ, ഭവൻസ് മിഡ്ഡിൽ ഈസ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, ഭവൻസ് മിഡ്ഡിൽഈസ്റ് ഡയറക്ടർ ദിവ്യ രാജേഷ് എന്നിവർക്ക് പുറമെ പ്രൈവറ്റ് ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ അബുദാബി പ്രിൻസിപ്പൽ ഗിരിജ ബൈജു, ഭവൻസ് ബഹ്റൈൻ വൈസ് അക്കാദമി പ്രിൻസിപ്പൽ സജി ജേക്കബ്, ജാക്ക് ആൻഡ് ജിൽ കുവൈറ്റ് പ്രിൻസിപ്പൽ രതി രവീന്ദ്രൻ, ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, ജെയ്മി ബെജു, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ മുതായലവർ പങ്കെടുത്തു.
ലോകസാമ്പത്തിക മേഖലയിൽ കൊറോണ സൃഷ്ടിച്ച ആഘാതം, കൊറോണ ഭീതിയിൽ സമൂഹത്തിൽ ഉടലെടുത്ത മനുഷ്യരാശിയുടെ ഭാവിയെ തന്നെ മാറ്റി മറക്കപെട്ട മാറ്റങ്ങൾ മുതലായവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. കുട്ടികൾ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് വ്യക്തമായി തന്നെ തങ്ങളുടെ കാഴ്ചപ്പാടുകളെ ആവിഷ്കരിച്ചതിനോടൊപ്പം ഭരണക്രമങ്ങളിൽ കൊണ്ടുവരേണ്ട പുത്തൻമാറ്റങ്ങളെയും അവയുടെ സാമൂഹിക സാമ്പത്തിക സാധ്യതകളെ കുറിച്ചും നിലപാടുകൾ വ്യക്തമാക്കി. മത്സരശേഷം സ്കൂൾ പ്രിൻസിപ്പൽ വിജയികളെ അനുമോദിച്ചു.