തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് നാട് കണ്ടത്. ലിനിയുടെ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് കാട്ടുന്നതെന്നും ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലിനിയുടെ പേരു പോലും മുല്ലപ്പള്ളിക്ക് നേരെ ചൊവ്വേ പറയാനാകുന്നില്ല. മുല്ലപള്ളിയുടേത് അധപതിച്ച മനസ്സാണെന്നും ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു പ്രവര്ത്തകന് എങ്ങനെയാകരുതെന്ന് മുല്ലപ്പള്ളി തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.