ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെ പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ കോടതി തള്ളി . ഡല്‍ഹി ഹൈക്കോടതിയാണ് ഷാരൂഖിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിയമം കയ്യിലെടുത്ത് നായകനാകാനായിരുന്നു പ്രതിയുടെ ശ്രമം. അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഷാരൂഖിന്റെ പിതാവാണ് ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ തന്നെ പരിചരിക്കുന്നതിനായി മകനെ വിട്ടു നല്‍കണമെന്നുമാണ് ഷാരൂഖിന്റെ പിതാവ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്.
ആക്രമണത്തിനിടെ തോക്കു ചൂണ്ടി നായകനാകാനായിരുന്നു ഷാരൂഖിന്റെ ശ്രമമെന്ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് പറഞ്ഞു. അതിനാല്‍ പ്രതി നിയമത്തെ നേരിടണം. അതുകൊണ്ടു തന്നെ പ്രതിക്ക് ജാമ്യം നല്കാന് കഴിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കു ചൂണ്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഷാരൂഖ് പത്താന് കഴിഞ്ഞ 113 ദിവസങ്ങളായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അതേസമയം 113 ദിവസം കസ്റ്റഡിയില്‍ എടുത്തിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ലെന്ന് ഷാരൂഖിന്റെ അഭിഭാഷകന് അസ്ഗര്‍ ഖാന് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിന് മാനുഷിക പരിഗണന നല്കി ജാമ്യം അനുവദിച്ചിരുന്നു. സമാനമായ രീതിയില്‍ ഷാരൂഖിനും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് ചാധ ശക്തമായി എതിര്‍ത്തു. പ്രതി പോലീസ് ഉദ്യോഗസ്ഥരെ മനപ്പൂര്‍വ്വം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രതിയുടേത് കരുതി കൂട്ടിയുള്ള ആക്രമണമാണ് എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍ എന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇരു വാദങ്ങളും പരിഗണിച്ചുകൊണ്ടാണ് ജാമ്യം നിഷേധിക്കുന്നതായി കോടതി ഉത്തരവിട്ടത്.