തിരുവനന്തപുരം; കോമഡിയടക്കം വിവിധ വേഷങ്ങളിൽ തിളങ്ങിയ സിനിമ-സീരിയൽ താരം കനക ലത അന്തരിച്ചു. തിരുവനന്തപുരത്ത വസതിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. മറവി രോഗവും പാർക്കിൻസണും അലട്ടിയിരുന്ന അവർ ഏറെ അവശതയിലായിരുന്നു. വിവിധ ഭാഷകളിലായി 350ലേറെ സിനിമകളിൽ അഭിനയിച്ച കനകലത, ചേച്ചി വിജയമ്മയുടെ സംരക്ഷണയിലായിരുന്നു.
ഗണേശ് രാജ് സംവിധാനം ചെയ്ത് വിജയരാഘവൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പൂക്കാലം എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവട്മാറ്റി. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക സിനിമയിലും സീരിയലിലും 35 വർഷത്തിലേറെ തിളങ്ങി നിന്നു.
450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യതാരമായും വില്ലത്തി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കനകലതയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രിയം,കിരീടം, വര്‍ണപ്പകിട്ട്, കൗരവര്‍, ആദ്യത്തെ കണ്‍മണി, മിഥുനം, വാര്‍ധക്യപുരാണം, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ്, ചേകവര്‍, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായി ശ്രദ്ധേയ വേഷങ്ങളിലെത്തിയ കനകലത ഒരുകാലത്ത് മുൻനിര ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.















