ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആശ്വസ മുന്നേറ്റവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ ലിവര്‍പൂളിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചുകഴിഞ്ഞതോടെ അവശേഷിക്കുന്ന മത്സരങ്ങളെങ്കിലും ജയിച്ച് പോയിന്റു നിലയില്‍ മുന്നിലെത്താനാണ് യുണൈറ്റഡിന്റെ ശ്രമം. ഇന്നലെ നടന്ന മത്സരത്തില്‍ ബ്രറ്റണിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
കളിയുടെ ഇരുപകുതിയിലുമായിട്ടാണ് യുണൈറ്റഡിന്റെ ഗോളുകള്‍ പിറന്നത്. 16-ാം മിനിറ്റില്‍ ഗ്രീന്‍വുഡാണ് ചെമ്പടയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റിലും 50-ാം മിനിറ്റിലും ഗോളുകളടിച്ച് ബ്രൂണോ ഫെര്‍ണാണ്ടസാണ് താരമായി മാറിയത്. കളിയുടെ ഒരു ഘട്ടത്തിലും മാഞ്ചസ്റ്റര്‍ എതിരാളികള്‍ക്ക് നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല.
കൗമാരതാരം ഗ്രീന്‍വുഡിന്റെ കളിമികവും ഇന്നലെ ശ്രദ്ധനേടി. ഇംഗ്ലീഷ് അണ്ടര്‍-21 ദേശീയ താരം യുണൈറ്റഡിനായി ഇതുവരെ 13 ഗോളുകള്‍ നേടിക്കഴിഞ്ഞു. ജനുവരിയില്‍ മാത്രം യുണൈറ്റഡിലേക്ക് എത്തിയ ഫെര്‍ണാണ്ടസ് ഇതുവരെ ടീമിനായി 5 ഗോളുകളാണ് നേടിയത്.