ന്യൂഡല്‍ഹി : സിംഗപ്പൂര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി നേതാവ് ലീ ഹ്സിയന്‍ ലൂങിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് സമൃദ്ധിയും സമാധാനവും നിറഞ്ഞ ഭാവി ഉണ്ടാകാന്‍ ആശംസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ലീ ഹ്സിയന്‍ ലൂങിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി ലീ ഹ്സിയന്‍ ലൂങിന് അഭിനന്ദനങ്ങള്‍. സിംഗപ്പൂര്‍ ജനതയ്ക്ക് സമൃദ്ധിയും സമാധാന പൂര്‍വ്വവുമായ ഒരു ഭാവിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സിംഗപ്പൂരില്‍ വെള്ളിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 83 സീറ്റുകളാണ് ലീയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി നേടിയത്. ആകെ 93 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് നേടാന്‍ കഴിഞ്ഞത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി മികച്ച വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിന് ശേഷം 1965 മുതല്‍ പിപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയാണ് സിംഗപ്പൂരില്‍ ഭരണം നിലനിര്‍ത്തുന്നത്.