മിലാന്: ഇറ്റാലിയന്‍ ലീഗിലെ സീസണലില്‍ 50 ഗോളുകള്‍ തികച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതോടെ കളിച്ച എല്ലാ ലീഗിലും 50 ഗോളുകളടിക്കുന്ന ആദ്യതാരം എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. സിരി ഏയിലെ അവസാനഘട്ടമത്സരത്തില് ലാസിയോ ക്കെതിരെ ഇരട്ട ഗോള്‍ നേടിയതോടെയാണ് സീസണിലെ 50 ഗോളുകളെന്ന നേട്ടം മൂന്നാം തവണയും റൊണാള്‍ഡോ തികച്ചത്.
51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ക്രിസ്റ്റ്യാനോ ആദ്യം ഗോളാക്കിയത്. ഇതോടെയാണ് സീസണിലെ 50-ാം ഗോള്‍ പൂര്‍ത്തിയാക്കിയത്. 54-ാം മിനിറ്റില്‍ രണ്ടാം ഗോളും റൊണാള്‍ഡോ വലയിലാക്കി. ലാസിയോയെ 2-1നാണ് ക്രിസ്റ്റ്യാനോയുടെ ടീമായ യുവന്റസ് തോല്‍പ്പിച്ചത്. ജയത്തോടെ ലീഗില്‍ 80 പോയിന്റുകളുമായി യുവന്റസാണ് മുന്നില്‍.
പരിശീലകന് മൗറീസിയോ സാരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവിശ്വസനീയ താരം എന്നാണ് വിശേഷിപ്പിച്ചത്. ശാരീരിക ക്ഷമതയില്‍ മാത്രമല്ല മാനസിക നിലയിലും റൊണാള്‍ഡോ തികച്ചും വ്യത്യസ്തനാണ്. ഓരോ കളിയിലും മെച്ചപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്നും സാരി പ്രശംസിച്ചു.
രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാനുമായി യുവന്റസിന് 8 പോയിന്റുകളുടെ വ്യത്യാസമാണുള്ളത്. സീസണ് പുനരാരംഭിച്ചപ്പോള്‍ യുവന്റസിന് താഴെ നിലയുറപ്പിച്ചിരുന്ന ലാസിയോ നാലു പരാജയങ്ങളേറ്റുവാങ്ങിയതോടെയാണ് പോയിന്ര് പട്ടികയില്‍ താഴേയ്ക്ക് പോയത്.