ഇന്ത്യയുടെ അഭിമാനവും ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളുമാണ് സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ എന്ന ഇന്ത്യയുടെ സ്വന്തം സച്ചിന്‍. 1989 ല്‍ തന്റെ പതിനാറാമത്തെ വയസ്സിലാണ് സച്ചിന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്നുള്ള ഇരുപത്തിനാലു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജ്യത്തിന്റെ അഭിമാനവും ക്രിക്കറ്റ് ആരാധകരുടെ മനസ്സും ഒരുപോലെ ഉന്നതിയില്‍ എത്തിച്ചു ഈ പതിനാറുകാരന്‍. 1990 ല്‍ ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരത്തില്‍ പതിനേഴുകാരനായ ആ കൊച്ചു പയ്യന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ഇംഗ്ലണ്ട് ബൗളര്‍മാരുടെ വേഗതയേറിയ പന്തുകള്‍ക്ക് കൃത്യമായ മറുപടി കൊടുത്തുകൊണ്ടായിരുന്നു ആ കൊച്ചു പയ്യന്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. 189 ബോളില്‍ 119 റണ്‍സാണ് ആ മത്സരത്തില്‍ സച്ചിന്‍ സ്വന്തമാക്കിയത്. ഏകദിനത്തിലും ടെസ്റ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ നേടിയെടുത്ത കളിക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ ക്രിക്കറ്റ് ലോകം കണ്ട മികച്ച കളിക്കാരന്‍. പതിനാലാമത്തെ വയസ്സില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി സച്ചിന്‍ കളിച്ചു. പിന്നീട് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിലും തുടക്കം കുറിച്ചു.
2012 ഡിസംബറിൽ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2013 ല്‍ ഐപിഎല്‍ ആറാം ക്രിക്കറ്റ് സീസണ്‍ കിരീടം സ്വന്തമാക്കി ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും അതേ വര്‍ഷം നടന്ന രാജ്യാന്തര ടെസ്റ്റ് മത്സരത്തില്‍ നിന്നും സച്ചിന്‍ വിരമിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്‌ന അവാര്‍ഡ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് . കൂടാതെ ഭാരത രത്‌ന നേടിയ ക്രിക്കറ്റ് താരവുമാണ് സച്ചിൻ . ഭാരത രത്‌ന ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് സച്ചിന്‍. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്നും ആവേശം തന്നെയാണ്.















