ലിസ്ബൺ : ചാമ്പ്യൻസ് ലീഗിന്റെ സെമി ലൈനപ്പ് ഇന്നറിയാം. ലിസ്ബണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും. വമ്പൻമാരായ റയൽ മാഡ്രിഡിനെ തോൽപ്പിച്ചായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ലക്ഷ്യത്തിലേക്ക് അടുക്കാൻ പെപ് ഗ്വാർഡിയോളയ്‌ക്കും സംഘത്തിനും ഇന്ന് വിജയിച്ചേ മതിയാകു.
കരുത്തരായ യുവന്റസിനെ തോൽപ്പിച്ചാണ് ലിയോൺ ക്വാർട്ടറിൽ പ്രവേശിച്ചത്. ആദ്യപാദത്തിൽ 1-0 ത്തിന് വിജയിച്ചിരുന്ന ലിയോൺ രണ്ടാം പാദത്തിൽ 1-2ന് തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. രാത്രി 12.30ന് ആണ് മത്സരം.















