മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഏറെ വിഷമത്തോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വന്ന ചർച്ചയാണ് ഏഴാം നമ്പർ ജഴ്സിയെക്കുറിച്ചുള്ളത്. തന്റെ കരിയർ തുടങ്ങിയതു മുതൽ ധോണി ഉപയോഗിച്ചിരുന്നത് ഏഴാം നമ്പർ ജഴ്സിയായിരുന്നു. ഏഴാം നമ്പറിലുള്ള ചില ഇതിഹാസങ്ങളെ പരിചയപ്പെടാം.
ഏഴാം നമ്പർ ജഴ്സിയെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്ന പേരാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത്. പോർച്ചുഗൽ ടീമിന് വേണ്ടി കളിക്കാനിറങ്ങുമ്പോഴും ക്ലബ്ബിന് വേണ്ടി കളിക്കാനിറങ്ങുമ്പോഴും ഏഴാം നമ്പർ തന്നെയാണ് ക്രിസ്റ്റ്യാനോ അണിയുക. മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നപ്പോഴും റയൽ മാഡ്രിഡിലായിരുന്നപ്പോഴും ഇപ്പോൾ യുവന്റസിലും താരത്തിന്റെ നമ്പർ ഇത് തന്നെയാണ്. സിആർ 7 എന്ന വിളിപ്പേരുമുണ്ട് ക്രിസ്റ്റ്യാനോയ്‌ക്ക്.
ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ നമ്പറും ഏഴായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, എസി മിലാൻ, പിഎസ്ജി എന്നീ ടീമികൾക്കായി ഏഴാം നമ്പർ കുപ്പായത്തിലാണ് ബെക്കാം ഇറങ്ങിയിരുന്നത്.
ചിലി താരം അലക്സിസ് സാഞ്ചസ് ഏഴാം നമ്പറുകാരനായിരുന്നു.ബാഴ്സലോണ, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ച താരമാണ് സാഞ്ചസ്. അർജന്റീനിയൻ ഫുട്ബോളർ ഏഞ്ചൽ ഡി മരിയ ഉപയോഗിച്ചിരുന്നത് ഏഴാം നമ്പർ ജഴ്സിയായിരുന്നു. ബെൻഫിക, റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് പിഎസ്ജി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.
അന്റോണിയോ ഗ്രീസ്മാൻ, കിലിയൻ എംബാപ്പെ, ഫിലിപ്പ് കുട്ടീഞ്ഞോ തുടങ്ങിയ ഒരുപിടി യുവതാരങ്ങളും ഏഴാം നമ്പർ ജഴ്സിയാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ നിരവധി മികച്ച താരങ്ങളും ഏഴാം നമ്പറുമായി കളത്തിലിറങ്ങുന്നുണ്ട്. ഇത് അവരിൽ ചിലർ മാത്രമാണ്.















