ന്യൂഡല്‍ഹി: ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ വിദേശകാര്യനയം വേഗത്തിലാക്കുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ഷ്രിംഗ്ല ധാക്കയിലെത്തി. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരതം ബംഗ്ലാദേശിനെ ആവേശത്തിലാക്കിയെന്ന് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ് സ്ഥാനപതി മുഹമ്മദ് ഇമ്രാന് പറഞ്ഞു.
ബംഗ്ലാദേശുമായി ബന്ധപ്പെട്ട് വാണിജ്യ-നിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ പുരോഗതി ഷ്രിംഗ്ല വിലയിരുത്തും. ഇന്ത്യയില്‍ നിന്നുള്ള എണ്ണ പാചകവാതക പൈപ്പ് ലൈന്‍, തീവണ്ടി പാത എന്നിവ കൊറോണ കാലത്തിന് മുന്നേ പൂര്‍ത്തിയാക്കിയിരുന്നു. കപ്പല്‍ ഗതാഗത സംവിധാനവും ത്രിപുരയിലെ അഗര്‍ത്തല തുറമുഖത്തുനിന്നുള്ള ചരക്കു ഗതാഗതവും ഇന്ത്യ മുന്‍കൈ എടുത്ത് നടപ്പാക്കിയത് ചരിത്രനേട്ടമായാണ് ബംഗ്ലാദേശ് വിലയിരുത്തുന്നത്.
ബംഗ്ലാദേശിലെ ചാത്തോഗ്രാം, മോഗ്ലാ തുറമുഖങ്ങളുമായാണ് അഗര്‍ത്തലയെ ബന്ധിപ്പിച്ചിരിക്കുന്നത്. ജൂലൈ 16നായിരുന്നു ആദ്യ ചരക്കുഗതാഗതം ആരംഭിച്ചത്. ബംഗ്ലാദേശിനായി മറ്റുരാജ്യങ്ങളുടെ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനവും കൊല്‍ക്കത്ത തുറമുഖത്ത് കഴിഞ്ഞമാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.
Comments