കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മിഡ് ഫീല്‍ഡിന് കരുത്തുപകരാന്‍ ഒരു യുവ താരം എത്തുന്നു. പതിനെട്ടുകാരനായ ഗിവ്‌സണ്‍ സിംഗ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ആരോസില്‍ നിന്നാണ് പ്രഗല്‍ഭനായ ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.
കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി പ്രൊഫെഷണല്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ ടീമിനായി രണ്ടു ഗോളുകളും 2 അസിസ്റ്റുകളും നേടിയിരുന്നു. മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തില്‍ നിന്നാണ് ഗിവ്‌സണ്‍ സിംഗിന്റെ വരവ്. പഞ്ചാബ് എഫ്‌സിക്ക് വേണ്ടി കളിച്ചാണ് ഗിവ്‌സണ്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കുന്നത്.
അണ്ടര്‍ 16 ഇന്ത്യന്‍ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സന്റെ ടീം 2018ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടര്‍ 17 ടീമിലും ഗിവ്‌സണ്‍ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂണ്‍ നാലിന് റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്.















