ന്യൂഡല്‍ഹി: പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഇ മെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിള്‍ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നും പുതുതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറണമെന്നും ഉപഭോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് അവര്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്തതോ വാങ്ങിയതോ ആയ ഗാനങ്ങളും ട്രാക്കുകളും, പ്ലേ ലിസ്റ്റുകളും റേഡിയോ സ്‌റ്റേഷനുകളും യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാമുള്ള സൗകര്യമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയിലേക്കും ഡാറ്റയിലേക്കും പ്രവേശനാനുമതി നഷ്ടപ്പെടുന്നതിന് മുന്‍പ് കമ്പനി അവരെ അറിയിക്കും. ഗൂഗിള്‍ പ്ലേയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡേറ്റ നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അഞ്ചു കോടിയിലധികം ഒറിജിനല്‍ ട്രാക്കുകളും ആല്‍ബങ്ങളും തത്സമയ പ്രകടനങ്ങളും റിമിക്‌സുകള്‍ പോലുള്ള ശ്രേണിയില്‍പ്പെട്ട ഗാനങ്ങളും യൂട്യൂബ് മ്യൂസിക്കിലുണ്ട്. യൂട്യൂബ് മ്യൂസിക്കിന്റെ വരിക്കാരായവര്‍ക്കെല്ലാം പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കാനുമെല്ലാം കഴിയും. ഗൂഗിള്‍ പ്ലേ മ്യൂസിക്കിന്റെ അതേ നിരക്കുകള്‍ തന്നെയാണ് യൂട്യൂബ് മ്യൂസിക്കിനും. വരിക്കാരല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സേവനം ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.















