ലിസ്ബണ്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടം ചൂടി ബയേൺ മൂണിച്ച്. ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബയേൺ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. കിംഗ്സലി കോമാനാണ് ബയേണിനായി വിജയ ഗോൾ നേടിയത്. മികച്ച സേവുകളുമായി ബയേൺ ക്യാപ്റ്റൻ മാനുവൽ ന്യൂയർ ടീമിനെ തങ്ങളുടെ ആറാം കീരീടത്തിലേക്ക് നയിച്ചു.
സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും കളിക്കാനിറങ്ങിയത്. ബയേൺ പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ പിഎസ്ജിയ്‌ക്ക് വേണ്ടി പരിക്ക് കാരണം സെമിയിൽ പുറത്തിരുന്ന ഗോൾകീപ്പർ കെയ്ലർ നവാസ്, റിക്കോയ്‌ക്ക് പകരം കളത്തിലിറങ്ങി.
2019 ഡിസംബറിന് ശേഷം തോൽവി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേൺ പൂർത്തിയാക്കിയത്. 98 ഗോളുകൾ അടിച്ചുകൂട്ടിയ ജർമൻ ടീം വെറും 22 ഗോളുകൾ മാത്രമാണ് ഇക്കാലയളവിൽ വഴങ്ങിയത്.















