കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ജമൈക്കന്‍ കായിക താരം ഉസൈന്‍ ബോള്‍ട്ടിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ക്രിസ് ഗെയ്ല്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ബോള്‍ട്ടിന്റെ 34-ാം ജന്മദിനാഘോഷത്തില്‍ ഗെയ്ല്‍ പങ്കെടുത്തിരുന്നു.
ഗെയ്‌ലിന്റെ പരിശോധന ഫലം നെഗറ്റീവായതോടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. പരിശോധന ഫലം നെഗറ്റീവായതോടെ പഞ്ചാബിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഗെയ്ല്‍ വൈകാതെ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലേക്ക് യാത്ര തിരിക്കും മുന്‍പ് താരം രണ്ട് പരിശോധനകള്‍ക്കു കൂടി വിധേയനാകേണ്ടതുണ്ട്.
ഐപിഎല്ലില്‍ 125 മത്സരങ്ങള്‍ കളിച്ച താരം 41.13 ശരാശരിയില്‍ 4484 റണ്‍സ് നേടിയിട്ടുണ്ട്. 6 സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച ഗെയ്ല്‍ ഐപിഎല്ലിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. പുറത്താകാതെ നേടിയ 175 റണ്‍സാണ് ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍.















