ന്യൂയോര്‍ക്ക്: കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ അമേരിക്കയില്‍ രണ്ടാമതും വെടിവെയ്പ്പു ണ്ടായതില്‍ കായികലോകത്ത് അമര്‍ഷം പുകയുന്നു. കറുത്തവര്‍ഗ്ഗക്കാരുടെ കരുത്തിലാണ് അമേരിക്കയിലെ കായികലോകം നിലനില്‍ക്കുന്നത്. ലോകപ്രസിദ്ധ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റായ എന്‍ബിഎ, ബേസ്‌ബോള്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.ബി, സോക്കര്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.എസ് എന്നിവയിലെ താരങ്ങളെല്ലാം കളികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചി രിക്കുകയാണ്.
ടെന്നീസ് രംഗത്ത് യു.എസ്.ഓപ്പണിന് മുമ്പായി നടക്കുന്ന ഡബ്യു.ടി.എ മത്സരത്തില്‍ നിന്നും ജപ്പാന്‍ താരം നവോമി ഓസാക്കാ സെമിഫൈനലില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതും വലിയ വാര്‍ത്തയായി. ന്യൂയോര്‍ക്കിലെ വെസ്‌റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണില്‍ നിന്നാണ് വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് ഒസാകാ പിന്മാറിയത്. ആഫ്രിക്കന്‍ ജപ്പാന്‍ വംശജയാണ് ഒസാക. കളിയേക്കാള്‍ ഗൗരവമേറിയതാണ് മാനുഷിക വിഷയമെന്നും രൂക്ഷമായി ഒസാക പ്രതികരിച്ചു .
വന്‍തുകകള്‍ മാറിമറിയുന്ന ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തെ മൂന്ന് മത്സരങ്ങളാണ് സംഭവത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഇതിനൊപ്പം രണ്ട് ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റി.















