ബാഴ്‌സലോണ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത രണ്ട് പേരുകളാണ് ലയണല്‍ മെസിയും എഫ്‌സി ബാഴ്‌സലോണയും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരമായ മെസി ബാഴ്‌സലോണ വിടുന്നു എന്ന വാര്‍ത്തകളാണ് ദേശീയ, അന്തര്‍ദേശീയ മാദ്ധ്യമങ്ങളിലുള്‍പ്പെടെ സമീപകാലത്ത് നിറഞ്ഞുനിന്നത്.
എന്നാല്‍ തത്ക്കാലം താന്‍ ബാഴ്‌സലോണ വിടില്ലെന്ന് മെസി തന്നെ അറിയിച്ചിരിക്കുകയാണ്. അടുത്ത സീസണിലും താന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് മെസി അറിയിച്ചിരിക്കുന്നത്. ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി തന്റെ തീരുമാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇതോടെ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.
ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയപ്പോള്‍ എല്ലാവരും ദുഖിതരായെന്ന് മെസി പറഞ്ഞു. ഉയര്‍ന്ന തലത്തില്‍ മത്സരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും വിജയമായാലും പരാജയമായാലും പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രിയപ്പെട്ട ക്ലബിനെ ഒരിക്കലും കോടതിയിലേക്ക് കൊണ്ടുപോകില്ലെന്നും മെസി വ്യക്തമാക്കി.















