പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കൊറോണയില്‍ നിന്നും മുക്തനായി. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന താരം ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന്‍ തോമസ് ടൂഹെല്‍ അറിയിച്ചു.
നെയ്മര്‍ക്കു പുറമെ, എയ്ഞ്ചല്‍ ഡി മരിയ, ലിയോ പരെഡ് എന്നിവര്‍ക്കും രോഗം ബാധിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. സീസണ്‍ അവസാനിച്ചതോടെ മൂന്നുപേരും അവധിക്കാല ആഘോഷത്തിലായിരുന്നു. അവധി കഴിഞ്ഞ് നെയ്മറിനൊപ്പം സ്പെയിനിലെ ഇബിസയില്‍ നിന്നുമാണ് എയ്ഞ്ചല്‍ ഡി മരിയയും ലിയോ പരേഡും മടങ്ങിയെത്തിയത്. മൂന്നു പേരും തിങ്കളാഴ്‌ച്ച് മാഴ്സയ്‌ക്ക് എതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്രഞ്ച് ലീഗിലെ പുതിയ സീസണില്‍ തോല്‍വിയോടെയായിരുന്നു പിഎസ്ജിയുടെ തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് ലെന്‍സാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. എന്നാല്‍, നെയ്മറും ഡി മരിയയും തിരിച്ചെത്തുന്നതോടെ മാഴ്‌സക്കെതിരായ മത്സരത്തില്‍ പിഎസ്ജി ക്യാമ്പ് ആത്മവിശ്വാസത്തിലാണ്.















